Sunday, May 12, 2013

                 അമ്മ 
അമ്മേ,ഇന്നറിയുന്നു നിന്റെയുള്ളുരുക്കങ്ങൾ
ആശകളാ,ശങ്കകൾ, അല്ലലുകൾ,ഇരുളിലൂർന്നു -
വരും  ദീപ്തമാമാഹ്ളാദങ്ങൾ, നിന്റെ മോഹങ്ങൾ      
അറിയുന്നു  നീയറിഞ്ഞ പിറവിതൻ വേദന .

മൂത്തോരുടെ മുതുനെല്ലിക്ക തൻ 
കയ്പ്പെഴും നീരു മധുരമായപ്പോൾ 
നിൻ  കണ്ണിലുതിരും ജലത്തിൽ 
മുങ്ങിപ്പൊങ്ങിയതീ ജീവനല്ലോ .

സകലസങ്കടങ്ങളതിൽ  മിന്നുമാഹ്ളാദങ്ങളാൽ 
മെനയുന്നുവോ നീ ഹൃദ്യമാം ലോകം?
കാർമേഘമായതു കരിപുരട്ടുന്നുവോ 
അശാന്തിപർവ്വങ്ങളിൽ പുകഞ്ഞബാല്യങ്ങളാൽ.

നിൻവസന്ത യൗവ്വനം ബലിപീഠത്തിലായ് 
വരങ്ങളെന്നു നിനച്ച ജന്മങ്ങൾ 
അരുളിയതോ നിത്യ ദുരിതദോഷങ്ങൾ 
അതിൽവീണുപിടഞ്ഞതോ നിന്റെപ്രാണൻ !

കഠിനവേലകൾ  നിന്റെ പകലുകൾ 
കുളിർകാറ്റൊ  നിയതിതൻ ക്രൂരതകൾ 
രാവുകൾ സജലങ്ങളാം  നയനങ്ങൾ 
തെളിഞ്ഞുവോ മിന്നാമിന്നിയായോമനകൾ?

നിൻ പ്രതീക്ഷകൾ ചാലിച്ചു വളർത്തിയോർ 
ചിതറിത്തെറിച്ചുപോയ്‌  ഹാ വ്യർത്ഥതേ 
നീയിന്നുമുരുകുന്നു മൂകം മൂകമീയുലകിൽ 
നിൻ മുന്നിലെരിഞ്ഞു തീരുന്നതവരല്ലോ!

ഏകപുത്രനോ  കൂട്ടംതെറ്റിയലഞ്ഞുപോയ് 
നിഷേധി നിർദ്ദയം ത്യജിച്ചുവോ നിന്നെ 
ശാപജന്മമെന്നു മൊഴിഞ്ഞു പെറ്റവയറിനെ 
പഴിച്ചപ്പോഴും മൂകംനിന്നുരുകിയോരമ്മ നീ!

അക്ഷരഖനികളിലാഴം തേടിയലയുന്ന പുത്രിയോ 
നിന്റെ മൃദുലസ്വപ്നങ്ങളെ  തഴഞ്ഞപ്പോൾ 
നിൻ മുന്നിലെരിയാതെരിയുന്ന സത്യമവൾ 
ഇത്തിരി കുളിരിനായ് നീയെങ്ങുതിരയുന്നു?

മൗനവാത്മീകത്തിൽ പുകഞ്ഞെരിയുന്ന 
താതന്റെ തപ്തവേദനകളേറ്റു വാങ്ങി 
ഒരു താലോടലിന്നാശ്വാസം വിതയ്ക്കുമ്പോഴും 
മെഴുതിരിപോലുരുകി പ്രഭയേകുന്നവൾ നീ.

അമ്മയാം പാലാഴിയെന്നും കടയുന്നു 
നിറകുംഭമായ്  വാത്സല്ല്യ് മാമൃതു കിനിയുന്നു 
നിറധാരയാം സ്നേഹഗംഗാപ്രവാഹമാകുന്നു 
നിലാവിന്റെയുള്ളലിവു നുകരുന്നുനാമെന്നും.

അറിയുന്നു ഞാനമ്മതൻ നൊമ്പരം 
അതിൽ മുങ്ങിനിവരുമ്പോൾ കാണ്മതെൻ നിഴൽ 
നിങ്ങൾ തന്ന,വർ തൻ,നിരാലംബരാം 
നാരീജന്മദുരിത ദുഃഖവാഴ്വുകൾ...............(മെയ് ,2001)
(ലോകത്തിലെ  ഉള്ളുരുകുന്ന എല്ലാ അമ്മമാർക്കുമായ്‌ ....)












2 comments:

  1. അമ്മയാം പാലാഴിയെന്നും കടയുന്നു
    നിറകുംഭമായ് വാത്സല്ല്യ് മാമൃതു കിനിയുന്നു

    ഇരുത്തം വന്ന ഒരു കവയിത്രിക്കു മാത്രമെ ഇങ്ങനെ എഴുതാൻ ആവൂ.

    ReplyDelete
  2. ആര്‍ദ്രാ,അമ്മക്ക് സമര്‍പ്പിക്കപ്പെട്ട ഈ കവിത എനിക്കുകൂടി
    അവകാസപ്പെട്ടതാണല്ലോ .നന്ദി
    നല്ല കവിത

    ReplyDelete