മഴക്കാഴ്ച്ചകൾ
പൊള്ളും വെയിൽപ്പാളികൾ
വഴിമാറിയതോ മഴമേഘങ്ങൾക്ക്
തണുത്ത മഴനീർക്കണങ്ങൾ
മണ്ണിനു ഹരിചന്ദനമായ്
വരണ്ട നെഞ്ചും, വറ്റിയ കണ്ണും
കത്തിയ കരളും നീരുറവയായ് .
കരിഞ്ഞ ചില്ലകൾ മെല്ലവേ
ഹരിതകമ്പളം നീർത്തിയിട്ടല്ലോ
തളിർനാമ്പുകൾ തൊഴുകൈയാൽ
വരവേറ്റ മഴക്കാലം വരമാരിയായല്ലോ
മണ്ണിൽ പുതഞ്ഞ വിത്തുകൾ
തളിർത്തൊരുക്കിയതോ
സുന്ദരമീകുഞ്ഞുകാനനം
വള്ളിപ്പടർപ്പുകൾ പന്തലായതു
വന്യജീവികൾക്കു സുന്ദരാലയം.
കരൾനോവുകൾ കവിതകളാകവേ
പൂത്തുലയുന്നുവോ നക്ഷത്രമുല്ലകൾ.
നീലവാനിടം പെയ്തിറങ്ങിയ സ്നേഹമഴ
തത്തമ്മച്ചുണ്ടായ് മെയ് മാസമരത്തലപ്പിൽ.
പച്ചപുതച്ച ഭൂമിപ്പെണ്ണിൻ മാറിടം
ചുരന്നൊഴുകിയത് പളുങ്കരുവിപ്പാലാഴിയായ്
സുന്ദരം സുകൃതമീജന്മമീവിധം തീർക്കുവാൻ
ഈശനരുളിയ വരദായിനീമന്ത്രത്തിനു വന്ദനം. (2012)
പച്ചപുതച്ച ഭൂമിപ്പെണ്ണിൻ മാറിടം
ReplyDeleteചുരന്നൊഴുകിയത് പളുങ്കരുവിപ്പാലാഴിയായ്
നല്ല വരികൾ. ആശംസകൾ
ആര്‍ദ്രാ,
ReplyDeleteപളുങ്കരുവിപ്പാലാഴിയായ്... കവിത ഒഴുകട്ടെ
ആശംസകള്‍