കിളിത്തൂവൽ കൊണ്ടൊരു കൊളാഷ്
രാമഞ്ഞു
പെയ്യവേ
ജനനേന്ദ്രിയത്തിൽ
ശൂലമുനതാഴ്ത്തി
മദിച്ചപ്പോൾ
രക്തം
കിനിഞ്ഞ് പെരുവഴിയിൽ
മഞ്ഞോടു
ചേർന്ന് രചിക്കപ്പെട്ടൊരു
'കിടിലൻ' കൊളാഷ്!
ഒരു കിളി
പറന്നുപോയ്
കിളിത്തൂവൽ
മാത്രം ബാക്കിയായ്.
ഇരുപത്തിയാറിൻ
പുലർമഞ്ഞുവേളയിൽ
പതിവുപോൽ
പാതയോരത്ത്
തണുത്തും
വിറച്ചും അനേകർ.
രക്തവും
മാനവും
ചേർത്ത്
രചിച്ച കൊളാഷിലൂടെ
തലസ്ഥാനത്തിന്റെ
'തലയുടെ'
ഫ്ളോട്ടുരുണ്ടു.!
എന്താണെന്നറിയുമോ?
വീണമീട്ടിരസിക്കും
സുന്ദരന്മാർ!
നൃത്തമാടീടും
ദേവാംഗനകൾ. !
മറവി
മനുഷ്യനനുഗ്രഹം!
ബുദ്ധിജീവികൾ
വാഴുന്നിടമാണല്ലോ !
ദൂരെയൊരു
കുടിലിൽ
എരിഞ്ഞടങ്ങുന്ന
പട്ടട.
താതദുഃഖം
പ്രളയമാവുന്നു
പെറ്റവയർ
പിളർന്നുപോകുന്നു
കൂടപ്പിറപ്പിൻ
ഒടുങ്ങാത്ത നോവുകൾ
മൃതി
നദിയായൊഴുകുന്നു.!
ഒരു കിളി
പറന്നുപോയ്
കിളിത്തൂവൽ
മാത്രം ബാക്കിയായ് .
രാവഴിയിൽ
ജ്വലിക്കുന്ന
കനൽക്കണ്ണുകൾ
പതിയിരിക്കുന്നുടുതുണിയുരിയാൻ.
നനഞ്ഞ
പക്ഷിക്കുഞ്ഞുങ്ങൾ
രാജപാതയിലൂടെ
രുധിരവഴിയിൽ
ചതഞ്ഞരയുന്നതു
കണ്ടു
പകയ്ക്കുന്നു നിത്യവും.
കിളിക്കൂട്ടങ്ങൾ
പ്രാണനായ്
ആർത്തുകരയുന്നു........
ഒരു കിളി
പറന്നുപോയ്
കിളിത്തുവൽ
മാത്രം ബാക്കിയായ് . !
ഒരു കിളി പറന്നുപോയ്
ReplyDeleteകിളിത്തുവൽ മാത്രം ബാക്കിയായ് . !
nallozhuth..
nannaayirikkatte...