ഓർമ്മകളിൽ വിഷുക്കാലം
ഓട്ടുരുളി
ഷോക്കേസ് വിട്ട്
കുതിച്ചു ചാടാൻ വെമ്പിയത്
കരികൂട്ടി ചാണകം മെഴുകിയ
നിലത്ത,രിച്ചാന്തിന്റെ
ചിത്രക്കളത്തിൻ
ഒത്ത നടുവിലേക്ക് ....
(മാർബിളിലും ടൈൽസിലും ജനം
വഴുതിവീണു...!)
എഴുതിരിയിട്ട നിലവിളക്കിനെ
കൂട്ടുവിളിച്ചു.....
നെഞ്ചുനിറയെ കണി-
വിഭവങ്ങൾക്കായ്
കൊതിച്ചു....
(സീരിയലമ്മ കുത്തിയിരിപ്പാണ്
കണ്ട ഭാവമേയില്ല.... !)
മണ്‍കലം
തട്ടിൻപുറത്തുനിന്നും തേങ്ങി
കുറിയിട്ട് സുന്ദരിയായ്
ഉണ്ണിയപ്പം, ഉണക്കലരി
സമൃദ്ധിയാൽ ചിരിക്കാൻ....
(മുത്തശ്ശി വന്നില്ല.....
വൃദ്ധസദനത്തിലാണുപോൽ..!)
കണിവെള്ളരി കരഞ്ഞു
കെട്ടുപോകുന്നു വയലിൽത്തന്നെ
പൊള്ളുന്ന ചൂടാണ് ....
(ആഗോളതാപനമത്രേ !)
കണിക്കൊന്ന കേണു
പൊന്നിതളെല്ലാം
പൊഴിഞ്ഞുപോയ് ....
(ഋതുമാറി പൂക്കുന്നുപോൽ !)
കൃഷ്ണവിഗ്രഹം
കണ്പാർത്തു.....
കണ്ണുപൊത്തിവരും
കണിക്കുഞ്ഞുങ്ങളെ
(കാർട്ടൂണ്‍ ചാനലിനുമുന്നിലുറങ്ങിപ്പോയെന്ന് !)
പൊള്ളുന്ന വെയിലിൽ
പൊള്ളിയ വീട്ടുകാരൻ
ഇത്തിരിപ്പൊതിയോടെ
പടികയറി വന്നപ്പോൾ
നെഞ്ചിലൊരു കവി പാടി ....
'ധൂസരസങ്കൽപ്പങ്ങളെല്ലാം'
കാറ്റിൽപ്പറന്നുപോയ് സുഹൃത്തേ...
ഇതു കർണ്ണികാരമല്ല...
കണിയല്ല ...
കരൾപിളർന്നു വിരിഞ്ഞ
ചെഞ്ചോരപ്പൂക്കൾ ....
എങ്കിലും,
ഓർമ്മകളിലെന്നും
മേടമാസക്കണിക്കാലം.
പുലരിയിൽ
വിഷുവിളക്കും,
വിഷുപ്പക്ഷിതൻ പാട്ടും.....
No comments:
Post a Comment