കേശവതീരം സ്മരണകൾ.................
പയ്യന്നൂർ
കോളേജ് ..... (1986-89)
'കൂറ
ബെന്ഗാളത്തു പോയ പോലെ' വീട് ,കോളേജ് ,കോളേജ് ... വീട് മാത്രം.
പക്ഷെ ,വീണുകിട്ടുന്ന സദസ്സുകൾ
നഷ്ട്ടപ്പെടുത്തിയില്ല . അങ്ങിനെയാണ് ഒ.ടി.ഹരിദാസ് , കെ.സി. ഉമേഷ് ബാബു തുടങ്ങിയവരെ
ആദ്യമായ് കണ്ടതും കേട്ടതും. ആ പേരുകൾ മനസ്സിൽ അന്നും ഇന്നും മായാതെ
കിടക്കുന്നുണ്ട് . കിട്ടുന്നത് വായിക്കാറുമുണ്ട് . പിന്നെയാണല്ലൊ
പ്രതീക്ഷകളെയെല്ലാം കരിച്ചുണക്കിയ വേനൽ ജീവിതത്തിലെത്തി
നോക്കിയത്! വരൾച്ച കഴിഞ്ഞും,മണ്ണിൽ പൂണ്ടുറങ്ങിയ നാമ്പിന്
തിരിവെക്കാൻ തുടങ്ങി ...
സർഗ്ഗചേതനയെ
നശിപ്പിച്ചുകൂടാ എന്ന വല്ലാത്തൊരു തിരിച്ചറിവ്
മനസ്സിനെ കെട്ടിപ്പിടിച്ചപ്പോൾ പുറത്തേക്കിറങ്ങിയതായിരുന്നു .......
വർഷമോർമ്മയില്ല.
2005 നും 10 നുമിടയിലാണ് .
ഓർത്തെടുക്കാനാവുന്നില്ല. വനിതാസാഹിതിയുടെ ആഭിമുഖ്യത്തിൽ കഥ,കവിത ക്യാമ്പാണ് . കെ. സി. ഉമേഷ് ബാബു
,
ഒ.ടി.
ഹരിദാസ് ,കരിവെള്ളൂർ
മുരളി ,ജിനേഷ്
കുമാർ എരമം,ഒ.
എം.രാമകൃഷ്ണൻ,എ. സി.
ശ്രീഹരി,കരുണാകരൻപുതുശ്ശേരി(
ആണെന്ന് മനസ്സ് പറയുന്നു) തുടങ്ങിയ പ്രമുഖർ.
കൂടുതലിഷ്ടം
കവിതയായതിനാലാവാം കവിതാക്യാമ്പിലാണിരുന്നത് . വല്ലാത്ത
അപകർഷതാബോധമുണ്ടായിരുന്നു. വായന നന്നേ കുറവ് . എഴുതിയത് കവിതകളാ
ണോയെന്നും അറിയില്ല.
ബിഎഡ് കോളേജ് ,കുടുംബശ്രീ
വാർഷീകം ,പഞ്ചായത്ത്
,ബ്ളോക്ക്
തല മത്സരങ്ങളിൽ സമ്മാനം കിട്ടിയതും,കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അദ്ധ്യാപകർ
തുടർന്നെഴുതണമെന്നു പറഞ്ഞതും ഡി.വിനയചന്ദ്രൻ സർ ഡയറിത്താളിൽ 'നല്ലപ്പോഴുണ്ടായ പൂക്കളെയോർത്തിടാം ' എന്നു കുറിച്ചതും. ആർജ്ജവമുള്ള
ഭാഷ പ്രീതയ്ക്ക് സ്വന്തമായുണ്ട് .... നഷ്ടപ്പെടാതിരിക്കട്ടെ .. ആകാശം
വളരെ ഉയരത്തിലാണ് ..... വളരുക എന്ന് പ്രമീളദേവി ടീച്ചർ ആശംസിച്ചതും
ഒക്കെത്തന്ന ആത്മവിശ്വാസത്താലാകാം അന്ന് ഞാനാ ക്യാമ്പിലെത്തിയത് .
വല്ലാത്ത പകപ്പുണ്ടായിരുന്നു. മൊറാഴയിലെ ഒരു ജാനകിയേച്ചിയെ
പ്രമുഖ കവികൾ മുക്തകണ്ഠം വാഴ്ത്തി . ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ എഴുതിയ
കുറച്ചുവരികളാണ് ചൊല്ലിയത് . ഭൂമിക എന്ന വാക്കിൻറെ അർത്ഥം
വിശദീകരിച്ചു തന്നു കരുണാകരൻ സർ. ഞാൻ മലയാളമായിരുന്നു
എടുക്കേണ്ടിയിരുന്നത് എന്ന്'' റോഡ് നോട്ട് ടെയ്ക്കണ്‍ " എന്ന പോലെ എപ്പോഴും
ഒരു ചിന്ത കൂടെയുണ്ടായിരുന്നു. ഇപ്പൊഴും. പക്ഷെ ഉണങ്ങാത്ത മുറിവായി
എ.സി. ശ്രീഹരിയുടെ ക്രൂരമായ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നു .
ശ്രീപുരം സ്കൂളിലെ ഒരു ടീച്ചർക്കും. ആദ്യമായ് ഒന്ന് പുറത്തിറങ്ങിയതാണ്
. ജീവിതമാണെങ്കിൽ വല്ലാതെ ക്രൂശിച്ച കാലവും. എൻറെ തൊട്ടരികിൽ ഒ. എം. രാമകൃഷ്ണനും
ഉണ്ടായിരുന്നു . അവരുടെയൊക്കെ കവിതകൾ വായിച്ചിട്ടുണ്ട് . ഹരിയുടെ വാക്കുകൾ
കേട്ടതോടെ ഞാൻ വല്ലാതങ്ങു കെട്ടുപോയി. ഒൻപതാം ക്ളാസ്സുമുതൽ എഴുത്തിനെ
ഒരൗഷധമായിട്ടായിരുന്നു എൻറെ കൂടെക്കൂട്ടിയത് . അതുകൊണ്ട് തന്നെ എഴുത്തിനെ
ഉപേക്ഷിച്ചുമില്ല. പ്രസിദ്ധീകരിക്കാൻ ശ്രമിച്ചില്ല. അങ്ങിനെ വർഷങ്ങൾ കൊഴിഞ്ഞു.
നഷ്ടമായീന്നു തന്നെ പറയാം.
വീണ്ടുമൊരുയിർക്കലിലായിരുന്നു, 2012 മെയ് 26 ന് ഏഴിലോട് കേശവതീരത്ത്
ജില്ലാ കവിമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ കവിതാക്യാമ്പ്
സംഘടിപ്പിക്കുന്നുണ്ടെന്ന് പത്രത്തിലൂടെ അറിഞ്ഞത് .
ശങ്കയോടെയാണെങ്കിലും, വീണ്ടുമൊരു
കൊതി മനസ്സിനെ പിടികൂടി. എന്താണ് കവിതയെന്നറിയാൻമാത്രം ....
കണ്‍വീനറെ വിളിച്ച്
രജിസ്റ്റർ ചെയ്തു. വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ,
അനുഗ്രഹാശിസ്സുകളോടെ
സർഗ്ഗശേഷികളെ വളർത്താനാവില്ലയെന്ന യാഥാർത്ഥ്യം വളരെ വൈകി
മനസ്സിലായി . അതുകൊണ്ടുതന്നെ അതൊരുവിഷയമായി എടുത്തതുമില്ല.
അന്ന്
കൊയ്യം ജി. എച് . എസ്. എസിൽ ഗസ്റ്റദ്ധ്യാപികയായി ജോലി കിട്ടിയിരുന്നു.
വെക്കേഷൻ ക് ളാസ്സു കഴിഞ്ഞ് നേരെ അങ്ങോട്ട് പോയി . കോഴിക്കോട്
നേച്ചർ ലൈഫ് തന്ന പുതു ജീവനായിരുന്നു കൂടെ.
മൂന്നു സുഹൃത്തുക്കളുടെ
പൂർണ്ണപിന്തുണയും.. പഴങ്ങൾ മാത്രം ഭക്ഷിച്ച് ഒരു
പരീക്ഷണമായിരുന്നു. ജോണ്‍സിമാഷിന്റെ ചിത്രം,കേശവതീരം (മുൻപൊരിക്കൽ ഭർത്താവിൻറെ അമ്മയുടെ ചികിത്സാർത്ഥം അവിടെ ഒരു റൂമിൽ ഒരു പകൽ കഴിഞ്ഞിട്ടുണ്ട് .
അന്നേ അതൊരു വിസ്മയമായിരുന്നു! പിന്നെ പ്രേംകുമാർ കണ്ണോം (ട്യൂ ഷൻ, ഒക്സ്ഫൊർഡ്
കൊട്ടില,അന്നവനവതരിപ്പിച്ച ഒരു മോണോആക്ട് അതിശയം ഗംഭീരം .,
മനസ്സിലെന്നും
സൂക്ഷിച്ചിരുന്നു )നമ്മുടെ കണ്‍വീനറുടെ സഹോദരനാണെന്നും.
അന്നത്തെ കണ്ടുമുട്ടലുകൾ അനവധിയാണ് . വൈകുന്നേരമാവുമ്പഴേക്കും
ക്യാമ്പങ്ങൾ സജീവമായി എത്താൻ തുടങ്ങി.
അന്നാണ് ഞാൻ വീണ്ടും ഒ. ടി. ഹരിദാസിനെ
കാണുന്നത് . ബഹുമാനത്തിലേറെ ഹൃദയഐക്യം കൊണ്ടാണ് പേര്
വിളിക്കുന്നത് ! ചിരകാല പരിചിതയെപ്പോലെ സംസാരിച്ചപ്പോ അദ്ദേഹം
അതിശയപ്പെട്ടെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ സവിശേഷതകൾ
അറിഞ്ഞത് കേശവതീരത്തെ ഔഷധഗന്ധമറിഞ്ഞ,ആകാശം സാക്ഷിയായ മുറ്റത്ത്
ഇരുപത്തഞ്ചോളം പേർ അനുഭവങ്ങൾ പങ്കിട്ടപ്പോഴാണ് . വളർത്തുന്ന രീതി ഏറെ
പ്രചോദനമായിരുന്നു. ഒ. എം.രാമകൃഷ്ണനും അന്നത്തെ എന്റെ നിറഞ്ഞ കണ്ണുകൾ
ഓർമ്മയുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് ഞെട്ടിയത്! ശരിയാണ്
... യഥാർത്ഥ കവി അങ്ങിനെയാണല്ലോ ..... എവിടെ
ഒരാത്മാവ്
വേദനിക്കുന്നുണ്ടോ അവിടെ ഒരു നിമിഷം ഉടക്കിനില്ക്കും . എനിക്കന്ന്
പെട്ടന്നവരെ മനസ്സിലായുമില്ല. കാരണം ജീവിതപ്പെരുവഴി
അങ്ങിനെയാക്കിത്തീർത്തു എന്നതാണ് സത്യം . അന്ന് മകൾ,കാപ്പിരിച്ചെണ്ട,തലക്കാവേരി എന്നീ പുസ്തകങ്ങളും
വാങ്ങി. രാവിലെ പുഴതേടിയുള്ള യാത്രയിലൊക്കെ പങ്കെടുത്ത് വൈകുന്നേരം ഞങ്ങൾ
പിരിഞ്ഞു. വിളിക്കണമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും,എന്തോ അതിനു കഴിഞ്ഞില്ല.
ആ ക്യാമ്പ് സത്യത്തിൽ അനുഗ്രഹമായി. എങ്ങിനെ കവിതയെ വെട്ടിയും
തിരുത്തിയും നന്നാക്കാമെന്ന പാഠം പഠിച്ചത് അന്നുമാത്രമാണ് . കവിത വരുന്ന
ആ നിമിഷത്തെ മാത്രം പ്രണയിക്കുന്നതിനാൽ അതിനെ കീറാനും
തുന്നാനുമൊക്കെ വല്ലാത്ത പ്രയാസമായിരുന്നു. കണ്‍വീനർ രാമകൃഷ് ണേട്ടൻ
പുതിയ അംഗങ്ങളുടെ അനുഭവം ഒരു കവിതാരൂപത്തിൽ വേണമെന്നു
പറഞ്ഞപ്പോൾ പുഴതേടിയുള്ള യാത്രയിൽ കണ്ട കാഴ്ചകൾ എഴുതിനോക്കി. ധൃതിയിൽ
എഴുതിയതുകൊണ്ട് അത് മിനുക്കാതെതന്നെ ഓർമ്മക്കായി കവിക്കൂട്ടായ്മയുടെ
സമാഹാരത്തിലേക്ക് കൊടുക്കുകയായിരുന്നു. അന്ന് കുറച്ചു ഫോട്ടോസ്
എടുക്കാനായത് ഭാഗ്യമായി തോന്നുന്നു . ഒ. ടി. ഹരിദാസിന്
മകളില്ലെന്നത് പത്രവാർത്തയിലായിരുന്നു ശ്രദ്ധിച്ചത് ! കാവ്യലോകത്തിലെ
പെണ്‍കുരുന്നുകളെ വാത്സല്യത്തോടെ നോക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു.
...... അക്കൂട്ടത്തിൽ.
കവിമണ്ഡലത്തിന്റെ "വിത്തും പത്തായവും" സമാഹാരം ഡി .
വിനയചന്ദ്രൻ മാഷെക്കൊണ്ടു പ്രകാശനം ചെയ്യിപ്പിക്കണമെന്നു
തീരുമാനിക്കുന്നതിനിടെ പ്രിയകവിയും നമ്മെ വിട്ടുപോയി. ഈ
പുസ്തകം കണ്ണൂരിൽ വെച്ച് ശ്രീ.യു. കെ.കുമാരൻ പ്രകാശനം
ചെയ്യുമ്പോഴും അറിയില്ലായിരുന്നു നമ്മുടെ കവി എ. കെ. ജി ആശുപത്രിയിൽ
കിടപ്പുണ്ടായിരുന്നെന്ന് . ഈ മനസ്സ് എത്തിപ്പെടുമായിരുന്നു
അറിഞ്ഞിരുന്നെങ്കിൽ.
അതിലും വിചിത്രാനുഭവം ............. രാവിലെ കണ്ണിനു
തെളിച്ചമില്ലാത്തതിനാൽ സുഹൃത്തിന്റെ ഫോട്ടോ ഫ്രണ്ടുപേജിൽ കണ്ടപ്പോ
........ ഹായ് ഒ.ടി. ഹരിദാസിനെന്തോ പുരസ്ക്കാരം ലഭിച്ചെന്നാ
ഞാൻ കരുതിയത് .. താഴത്തെ വരികൾ തെളിച്ചുവായിച്ചപ്പോൾ ശരിക്കും
തകർന്നുപോയി. വിലപിക്കാനല്ലാതെ ....
"വിത്തും പത്തായവും" സമാഹാരത്തിലെ അദ്ദേഹത്തിന്റെ "പാളം
" എന്ന കവിതയിലെ ചില വരികൾ എന്നെ അമ്പരപ്പിച്ചു. "ബോധാ
ബോധങ്ങളുടെ വണ്ടി / തിരക്കിലള്ളിപ്പിടിച്ച് / തൊഴിച്ച് താഴെയിട്ട് / കെടുതികൾ
ചെയ്ത് കൊല്ലാനൊരു ...." തുടങ്ങി അവസാനവരി
"ബാക്കിയാവുന്നതീ പാളം മാത്രം.... !"
ഈ പുസ്തകപ്രകാശനസമയത്തും അദ്ദേഹം,ബോധാബോധങ്ങളുടെ വണ്ടി നെഞ്ചു
തകർത്ത് കടന്നുപോകുന്ന പാളത്തിലായിരുന്നെന്ന് ഓർക്കുമ്പോൾ
ഒരു വല്ലാത്ത അറംപറ്റൽ പൊലെ......... പ്രിയസുഹൃത്തെ
മരിക്കുന്നില്ല നിങ്ങൾ .................
സഹൃദയരുടെ , അക്ഷരസ്നേഹികളുടെ
, സുഹൃത്തുക്കളുടെ
മനസ്സിൽ ............. എന്നുമെന്നും ദീപ്തസ്മരണയായ് .........................