Thursday, June 27, 2013

സൌഗന്ധികപ്പൂവുകൾ 

നീ എന്തിനാണ് 
ഗൂഢമായ്  ചിരിക്കുന്നത് 
നിന്നിലേക്കുള്ള ദൂരം 
കുറയ്ക്കുവാൻ 
നിത്യബലിയാകാം 
ക്രൂരതയരുതേ 
എന്തിനാണിങ്ങനെ 
മൗനിയാവുന്നത് ?
നിന്റെ മൊഴിമുത്തുകൾ 
വാരിയെടുക്കാൻ
സദാ സന്നദ്ധയാകാം ...
ഉപേക്ഷയരുതേ 
എന്തിനാണിനിയും 
ഓടിയൊളിക്കുന്നത് ?
മായക്കണ്ണനായ് 
ലീലകൾ കാട്ടുമ്പോൾ 
രാധയാകാൻ കൊതിക്കുമിവളെ 
കാണാതെ പോകരുതേ ...
ഇതൊക്കെയും സങ്കൽപ്പാരാമത്തിലെ 
സൗഗന്ധികപ്പൂവുകൾ മാത്രം കണ്ണാ ....
സ്വപ്നസഞ്ചാരിണി 

ഏതു വിരഹിണിക്കും 
കയറിയിറങ്ങാവുന്ന 
പുഷ്പകവിമാനമുണ്ട് .....
ഭാവനാവ്യോമയാനം.

ചുംബനത്തിനായ് 
ത്രസിച്ച ചുണ്ടുകളും 

കേട്ടിരിക്കാൻ 
കൊതിച്ച വാക്കുകളും 

ലയിച്ചുറങ്ങാൻ 
മോഹിച്ച രാവുകളും 

തമ്മിൽപ്പിരിയാതിരിക്കാൻ 
ആശിച്ച ജന്മങ്ങളും 

ഒക്കെയും നിങ്ങൾക്കു സ്വന്തം !
ടിക്കറ്റെടുത്താൽ  പക്ഷേ ...

ലേബൽ മാറും ,
ചിറകുകളൊടിയും ....

മോഹപ്പക്ഷി ചിറകൊടിഞ്ഞ് 
സങ്കടസമുദ്രത്തിൽ  താഴും.

നഷ്ടവസന്തങ്ങളുടെ 
കൂട്ടുകാരി ഒരു ടിക്കറ്റ് എടുക്കുകയാണ് .......

കെടാനാളങ്ങൾ

കെടാനാളങ്ങൾ 

മോഹമാണെനിക്കു 
പുഴയിൽ നീരാടുവാൻ 
മുങ്ങാം കുഴിയിട്ട്  നിവർന്ന് 
വെള്ളം തേകിത്തേകി  നിന്നും 
കുളിരായ്  പൂത്തുലഞ്ഞും                                                                                                                                                            

ഓർമ്മകൾ മഞ്ഞുപോൽ 
മൂടിപ്പടരവേ 
നീ ചാരിയ തെങ്ങ് 
കടപുഴകിയതറിഞ്ഞു....
ഒളിക്കണ്ണിടങ്ങൾ 
അനാഥമാക്കപ്പെട്ടതും.
പകരം സ്വപ്നക്കൂടാരങ്ങൾ 
പലരുമുയർത്തിയതും....
പക്ഷേ,
ഇന്നും മോഹമാണെനിക്ക്‌ 
ആ തീരത്തണയുവാൻ 
ഓർമ്മകളുടെ ഒരു ചിരാതെങ്കിലും 
കെടാനാളമായില്ലാതിരിക്കുമോ?(05/06/2011)

ആഴിയിലേക്ക്‌

ആഴിയിലേക്ക്‌ 

അലമാരിക്കിടയിൽ 
ഉറുമ്പിനും ചിതലിനും 
ഭക്ഷണമായി 
പൊടിപിടിച്ച് 
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന് 
ഏതോ ഒരുവൻ 
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന് 
വെള്ളിടിവാളായ് 
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ 
പുസ്തകജന്മത്തിന് 
നിത്യമോക്ഷമായ് 
ആഴിയിലേക്ക് 
അഗാധതയിലേക്ക്‌ .......
ആഴിയിലേക്ക്‌

അലമാരിക്കിടയിൽ
ഉറുമ്പിനും ചിതലിനും
ഭക്ഷണമായി
പൊടിപിടിച്ച്
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന്
ഏതോ ഒരുവൻ
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന്
വെള്ളിടിവാളായ്
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ
പുസ്തകജന്മത്തിന്
നിത്യമോക്ഷമായ്
ആഴിയിലേക്ക്
അഗാധതയിലേക്ക്‌ .......(2011)

കണ് ഠ നാളം പിളരുമ്പോൾ ........

കണ് ഠ നാളം പിളരുമ്പോൾ 

ഒരു മഞ്ഞുതുള്ളി 
മണൽക്കരയിൽ 
പൊള്ളിലയിച്ചു 
അടയാളങ്ങളില്ലാതെ 
നിശ് ശൂ ന്യമായ് ....
കാലമാം കടൽക്കരയിൽ.

ഒരു  വിരഹക്കുയിലിൻ 
കണ് ഠ നാളം  പിളർന്നു 
മൂകതയിൽ 
ലയിച്ചു 
സ്വരലയമില്ലാതെ 
ശൂന്യമാം 
ആകാശവിതാനത്തിൽ.

ഒരു മെയ് മാസപുഷ്പം 
അടർന്നുവീണു 
വരണ്ട മണ്ണിൽ  വാടിക്കരിഞ്ഞു 
നിറവിസ്മയമില്ലാതെ
പൊള്ളും 
മരുഭൂമിയിൽ.

ഒരു കവിമനസ്സിൻ 
ആത്മാവലഞ്ഞ് 
കരിമേഘങ്ങളിലലിഞ്ഞു 
ഭാരങ്ങളില്ലാതെ 
മഴയായ് 
നിന്റെ കുഞ്ഞു നെഞ്ചിലേക്ക് ..........


Sunday, June 23, 2013

Photo
Photo
ഇത് തളിപ്പറമ്പ മന്ന ജംഗ്ഷൻ .കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു ഗുൽമോഹർ മരം ....വേദനയോടെ, പ്രതിഷേധത്തോടെ,തടിയിൽനിന്നും പൂത്തിരിക്കുന്നു .രണ്ടാഴ്ച്ചയായി ഈ കാഴ്ച്ച കാണുന്നു.എവിടെയും കൊമ്പിൽനിന്നും ഗുൽമോഹർ പൂത്തു കാണുന്നില്ല...ചില്ലകളിൽ നിന്നല്ലാതെ !ഈ ചിത്രം പകർത്തിയത് എന്റെ പ്രിയ ശിഷ്യൻ ഷിനിൽ സി.പി.അപ്പോൾ തോന്നിയ ചില വരികൾ ..........

പൂക്കാതെ വയ്യ !!!!!!!!!!!!!!!

കൈ വെട്ടി
നൊന്തു കരഞ്ഞില്ല
തലയറുത്തു
ആര്ത്തലച്ചില്ല
പ്രാണനെ നെഞ്ചോടു ചേർത്തു
തേങ്ങിയപ്പോൾ
മുറിവുകളിലൂടെ
ശോണപ്പൂക്കൾ വിടർന്നു !!!!!
പൂക്കാതെ വയ്യ ....!
നീലവാനിലേക്ക്‌
പൂത്തുലയാതെ വയ്യ
മണ്ണിലേക്ക്
പൂമഴ പെയ്യതെ വയ്യ
വിത്തായ്
സുഷുപ്തിയിലാഴാതെ വയ്യ
പുനർജ്ജനിയാകാതെ വയ്യ !!!!!!

സിയാറ്റിൽ മൂപ്പൻ,ഒരു പുനർവായന



ഭൂമിയമ്മയ്കായ് വാദിച്ച മൂപ്പന്റെ
ഹൃദയരോദനം
മഹാഗർജ്ജനമാവുന്നു.
ആകാശം സോദരർ
പൂവുകൾ സോദരിമാർ.
അരുവിയും പുഴകളും
ജീവരക്തം.
പരിപാവനമായ്
മണ്ണിനെ കാക്കുവാൻ
മൊഴിഞ്ഞൊരാ മുത്തുകൾ
ബധിരകർണ്ണങ്ങളിൽ
പതിഞ്ഞു ചിതറിയോ?
വിലപേശലിന്നൊടുക്കം
ബന്ദിയായ് മാറിയെന്നോ?
കാട്ടുപോത്തുകളെ കൂട്ടമായ്‌
വെടിവെച്ച വെളുത്ത വർഗ്ഗമേ
വാഴ്വിന്റെ ദയവു
നീ കെടുത്തിയല്ലോ.......
ആത്മശൂന്യതയിൽ
മണ്ണിന്റെ മക്കളുടെ
നെഞ്ചുപിളർന്നുവല്ലോ.......
ദീനരോദനമുയർന്നുവല്ലോ!

പൂക്കളും കിളികളുമില്ലാതെ
ജന്തുജാലങ്ങളില്ലാതെ
ധാന്യവും നീരുമില്ലാതെ
എന്തിനീ ഭൂമിയിൽ ജീവിതം?

സുമനസ്സുകളുയിർക്കുന്നിളംങ്കാറ്റായ്
തിരിച്ചറിവിൻ കൊടുങ്കാറ്റായ്
ചോദ്യശരങ്ങളുടെ ഗതിവേഗമായ്
കുതിപ്പിന്റെ ഊർജ്ജപ്രവാഹമായ്
ഞങ്ങളുണ്ടീ ഭൂമിയെ
ഹരിതാഭമാക്കുവാൻ
പൂങ്കാവനമൊരുക്കുവാൻ
കിളിക്കൂടുതീർക്കുവാൻ
ധാന്യപ്പുരകെട്ടുവാൻ
സമൃദ്ധിയിൽ ചിരിതൂകും
പിതൃക്കളെ സ്മരിച്ചൊരു പിടിമണ്ണ്
നെഞ്ചോടടുക്കി മൊഴിയുവാൻ
ഈ ഹരിതസേന കൂടെയിതാ......
പിതൃവന്ദനമേകുവാൻ.

മിഴിവേകും മൊഴിമുത്തുകൾ
ഹൃദിസ്ഥമാക്കിയ
യുവത കൈ കോർത്തൊരുങ്ങുന്നു
വേണമീ ഭൂമിയെ
ദേവീമാതാവായ്
പുണ്യമായ് .......
പ്രാണവായുവായ്.......
അമൃതോലും ജലതീർത്ഥമായ്
നന്മ വറ്റാമലർവാടിയായ് .

സിയാറ്റിൽ മൂപ്പന്റെ വചനങ്ങൾ
സത്യമാണെന്നറിയുവോർ
ഏറ്റുചൊല്ലുന്നീ പ്രകൃതിപാഠങ്ങൾ
സുകൃതമന്ത്രാക്ഷരികളെന്നുമെന്നും.