Friday, May 31, 2013

മഴ കൊതിക്കും മണ്ണടരുകൾ 

മണ്ണും വിണ്ണും വരണ്ടു നിൽക്കേ 
ഒരിടിവെട്ടി  ഭൂമി പ്രകമ്പിതയായ് 
ആകാശച്ചെരിവിരുണ്ടു 
താപതീവ്രത നേർത്തുനേർത്തതിലേക്ക് 
വരിഷമേഘങ്ങളിരമ്പിയാർത്തു.

അമൃതവർഷിണിയായൊരു 
സ്നേഹമഴയിൽക്കുളിർത്തുപോയ് 
പൊള്ളിപ്പിടഞ്ഞയീക്കുഞ്ഞു പൈങ്കിളി.
നൂൽമഴയായത്  കിനിഞ്ഞിറങ്ങേ 
കണ്ടതൊരു  പാൽക്കുരുന്നിൻ 
പുഞ്ചിരിപ്പൂമുഖം .
പെരുമഴയായതിരമ്പിയാർക്കേ 
കണ്ടതൊരു യുവധാരതൻ 
ആവേശത്തിരത്തള്ളൽ .
നേർത്ത മഴയായ്  നിന്നുപെയ്കേ 
കണ്ടതൊരു സൗഹൃദത്തിൻ 
വടവൃക്ഷമാമൊരരയാൽ മരം.
ശുദ്ധമാം  ജീവവായുവായ്
ആലിലക്കൈകളായ് 
ജന്മവേരുകൾ  തേടവേ 
പെയ്യുന്നു തോരാമഴ  പുതുമഴ.
മഴയേറ്റു മരം പെയ്യവേ 
പൂത്തുലഞ്ഞു  കുമ്പിടുന്നീ 
മുല്ലവള്ളിക്കുടിൽ.....
കാറേററ്റു  പൂമണം പരക്കേ 
വിവശയായ്  മഴകൊതിക്കുന്നീ
ദാഹാർത്തമാം  മണ്ണടരുകൾ ...........

Wednesday, May 15, 2013

വിഴുപ്പലക്കൽ 

ഉരച്ചാലുമുരച്ചാലും 
വെളുക്കാത്ത  സത്യങ്ങൾ 
അടിച്ചടിച്ചു 
വെളുപ്പിക്കുന്ന  കള്ളങ്ങൾ 
പതച്ചാലും  പതയാത്ത 
അപ്രിയങ്ങൾ 
മുക്കിപ്പിഴിഞ്ഞ് 
നിവർത്തി  വെയിലത്തിടുമ്പോൾ 
തുണി  നിന്ന് ചിരിക്കുന്നു !!
വിയർക്കുന്നത് ................??

Monday, May 13, 2013

മഴക്കാഴ്ച്ചകൾ 

പൊള്ളും വെയിൽപ്പാളികൾ 
വഴിമാറിയതോ  മഴമേഘങ്ങൾക്ക് 
തണുത്ത  മഴനീർക്കണങ്ങൾ 
മണ്ണിനു ഹരിചന്ദനമായ് 
വരണ്ട നെഞ്ചും, വറ്റിയ കണ്ണും 
കത്തിയ കരളും നീരുറവയായ് .

കരിഞ്ഞ ചില്ലകൾ   മെല്ലവേ 
ഹരിതകമ്പളം  നീർത്തിയിട്ടല്ലോ 
തളിർനാമ്പുകൾ  തൊഴുകൈയാൽ 
വരവേറ്റ മഴക്കാലം വരമാരിയായല്ലോ 
മണ്ണിൽ പുതഞ്ഞ വിത്തുകൾ 
തളിർത്തൊരുക്കിയതോ 
സുന്ദരമീകുഞ്ഞുകാനനം 
വള്ളിപ്പടർപ്പുകൾ പന്തലായതു 
വന്യജീവികൾക്കു  സുന്ദരാലയം.
കരൾനോവുകൾ കവിതകളാകവേ 
പൂത്തുലയുന്നുവോ നക്ഷത്രമുല്ലകൾ.
നീലവാനിടം പെയ്തിറങ്ങിയ സ്നേഹമഴ 
തത്തമ്മച്ചുണ്ടായ്  മെയ്‌ മാസമരത്തലപ്പിൽ.
പച്ചപുതച്ച ഭൂമിപ്പെണ്ണിൻ  മാറിടം 
ചുരന്നൊഴുകിയത്  പളുങ്കരുവിപ്പാലാഴിയായ് 
സുന്ദരം സുകൃതമീജന്മമീവിധം തീർക്കുവാൻ 
ഈശനരുളിയ വരദായിനീമന്ത്രത്തിനു വന്ദനം.     (2012)

Sunday, May 12, 2013

                 അമ്മ 
അമ്മേ,ഇന്നറിയുന്നു നിന്റെയുള്ളുരുക്കങ്ങൾ
ആശകളാ,ശങ്കകൾ, അല്ലലുകൾ,ഇരുളിലൂർന്നു -
വരും  ദീപ്തമാമാഹ്ളാദങ്ങൾ, നിന്റെ മോഹങ്ങൾ      
അറിയുന്നു  നീയറിഞ്ഞ പിറവിതൻ വേദന .

മൂത്തോരുടെ മുതുനെല്ലിക്ക തൻ 
കയ്പ്പെഴും നീരു മധുരമായപ്പോൾ 
നിൻ  കണ്ണിലുതിരും ജലത്തിൽ 
മുങ്ങിപ്പൊങ്ങിയതീ ജീവനല്ലോ .

സകലസങ്കടങ്ങളതിൽ  മിന്നുമാഹ്ളാദങ്ങളാൽ 
മെനയുന്നുവോ നീ ഹൃദ്യമാം ലോകം?
കാർമേഘമായതു കരിപുരട്ടുന്നുവോ 
അശാന്തിപർവ്വങ്ങളിൽ പുകഞ്ഞബാല്യങ്ങളാൽ.

നിൻവസന്ത യൗവ്വനം ബലിപീഠത്തിലായ് 
വരങ്ങളെന്നു നിനച്ച ജന്മങ്ങൾ 
അരുളിയതോ നിത്യ ദുരിതദോഷങ്ങൾ 
അതിൽവീണുപിടഞ്ഞതോ നിന്റെപ്രാണൻ !

കഠിനവേലകൾ  നിന്റെ പകലുകൾ 
കുളിർകാറ്റൊ  നിയതിതൻ ക്രൂരതകൾ 
രാവുകൾ സജലങ്ങളാം  നയനങ്ങൾ 
തെളിഞ്ഞുവോ മിന്നാമിന്നിയായോമനകൾ?

നിൻ പ്രതീക്ഷകൾ ചാലിച്ചു വളർത്തിയോർ 
ചിതറിത്തെറിച്ചുപോയ്‌  ഹാ വ്യർത്ഥതേ 
നീയിന്നുമുരുകുന്നു മൂകം മൂകമീയുലകിൽ 
നിൻ മുന്നിലെരിഞ്ഞു തീരുന്നതവരല്ലോ!

ഏകപുത്രനോ  കൂട്ടംതെറ്റിയലഞ്ഞുപോയ് 
നിഷേധി നിർദ്ദയം ത്യജിച്ചുവോ നിന്നെ 
ശാപജന്മമെന്നു മൊഴിഞ്ഞു പെറ്റവയറിനെ 
പഴിച്ചപ്പോഴും മൂകംനിന്നുരുകിയോരമ്മ നീ!

അക്ഷരഖനികളിലാഴം തേടിയലയുന്ന പുത്രിയോ 
നിന്റെ മൃദുലസ്വപ്നങ്ങളെ  തഴഞ്ഞപ്പോൾ 
നിൻ മുന്നിലെരിയാതെരിയുന്ന സത്യമവൾ 
ഇത്തിരി കുളിരിനായ് നീയെങ്ങുതിരയുന്നു?

മൗനവാത്മീകത്തിൽ പുകഞ്ഞെരിയുന്ന 
താതന്റെ തപ്തവേദനകളേറ്റു വാങ്ങി 
ഒരു താലോടലിന്നാശ്വാസം വിതയ്ക്കുമ്പോഴും 
മെഴുതിരിപോലുരുകി പ്രഭയേകുന്നവൾ നീ.

അമ്മയാം പാലാഴിയെന്നും കടയുന്നു 
നിറകുംഭമായ്  വാത്സല്ല്യ് മാമൃതു കിനിയുന്നു 
നിറധാരയാം സ്നേഹഗംഗാപ്രവാഹമാകുന്നു 
നിലാവിന്റെയുള്ളലിവു നുകരുന്നുനാമെന്നും.

അറിയുന്നു ഞാനമ്മതൻ നൊമ്പരം 
അതിൽ മുങ്ങിനിവരുമ്പോൾ കാണ്മതെൻ നിഴൽ 
നിങ്ങൾ തന്ന,വർ തൻ,നിരാലംബരാം 
നാരീജന്മദുരിത ദുഃഖവാഴ്വുകൾ...............(മെയ് ,2001)
(ലോകത്തിലെ  ഉള്ളുരുകുന്ന എല്ലാ അമ്മമാർക്കുമായ്‌ ....)












Friday, May 10, 2013


പരാജിതൻ 

ജീവിതക്കഷായം 
കണ്ണടച്ചുപിടിച്ച് 
കയ്പ്പും ചവർപ്പും 
ഒറ്റയിറക്കിനു കുടിച്ചു 
തീർക്കുവോൻ.


കണ്ണിന്നുള്ളിലേക്കൊരു 
കൂരമ്പുതറച്ച് 
വെളിച്ചം കെട്ടുപോയവൻ.

നെഞ്ചുതകർക്കുമ്പൊഴും 
ആർത്തനാദത്തെ 
തൊണ്ടയിലൂടെ  വിഴുങ്ങി 
ആമാശയത്തിലെത്തിക്കുവോൻ.

ചരിത്രക്കടലിലേക്കു 
ലയിക്കാത്ത നദിയായ് 
വറ്റിത്തീരുന്നവൻ ......

പിന്നെയും എഴുന്നേറ്റു
നടക്കുന്നവൻ .........

 

Thursday, May 9, 2013

രാവുകൾ അടച്ചപ്പോൾ 

രാവഴിയിലേക്കുള്ള 
കവാടം 
അടച്ചപ്പോൾ 
കെട്ടുപോയത് 
നെഞ്ചിലെ മണ്‍ചിരാത് .

കുടമുല്ല ഗന്ധം 
നക്ഷത്രച്ചിരിത്തിളക്കം 
കാറ്റിൻ കുസൃതി 
നിലാപ്പാൽക്കടൽ 
കെട്ടുപൊയത് 
എഴുത്തിൻ നിലവിളക്ക് .

പകലിൻ കലമ്പലുകൾ 
വെറുപ്പിൻ നീറ്റലുകൾ 
മടുപ്പിൻ മുറിവുകൾ 
ഒഴിയാവേദനകൾ 
അരിഞ്ഞുതള്ളിയത് 
രക്ഷയുടെ മുളങ്കാടുകൾ.

ഇടിവെട്ടിപ്പിളർന്ന പ്രജ്ഞ 
പൊള്ളിയമർ,ന്നതിൻ 
പാടുകളിലേക്കൊരു 
തീർത്ഥകണമിറ്റുവീണു 
ഇരുൾക്കിളി കവാടത്തിൽ കേണുറങ്ങി.....



Tuesday, May 7, 2013

നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ?

നീതിയുടെ തുലാസ്സിൽ 
കള്ളക്കട്ടകൾ. 
കണ്ണുകൾ കെട്ടിയ 
കറുത്ത തുണിക്കിടയിൽ 
കാണാത്തുളകൾ. 

പാഞ്ചാലിയുടെ 
വിലാപം ചരിത്രമല്ലായിരുന്നു. 
നിത്യരോദനമായ് 
നിതാന്തമായ്  മുഴങ്ങുന്നിപ്പോഴും!
ധർമ്മിഷ് ഠർ  മൗനികളാവുന്നു ........!

മൃഗയാവിനോദമാം 
പുതുലോകത്തിൽ 
കൂർത്ത നഖങ്ങളും കോമ്പല്ലുകളുമായ് 
മൃഗമനുഷ്യരായ് 
കൊലവിളിക്കുന്നവർ.... !

വെളിച്ചമില്ലാതെ 
ഇരവിൽ പേടിപൂണ്ടുഴറുന്ന 
നാരീജന്മങ്ങൾ.... 
അറിവിൻ നിലാവുദിക്കുമോ ?
നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ ?

Sunday, May 5, 2013

ഫ്രെണ്ട്  റിക്വെസ്റ്റ് 

"ത്രിച്ചംബരത്തെങ്ങാനും 
കണ്ട  പരിചയം..... ?"
ചൊല്ല് മാറി 
അപരിചിതരാണേവരും . 

കണ്ട മുഖങ്ങൾ  
കാണാ മുഖങ്ങൾ 
സുഹൃത്തും 
ശ്രേണീസുഹൃത്തുക്കളും. 

തിരക്കിന്റെ 
പെരുമഴപ്പെയ്ത്തിൽ 
മാറും ജീവിതശൈലിതൻ 
കരയിടിച്ചിലിനുമപ്പുറത്ത് 
നിതാന്തജന്മമായ് 
തേടും സൗഹൃദക്കടലിന്റെ 
അലറിയെത്തും  തിരക്കൈകൾ ........ 
അതിനോളം പകരംവെക്കാൻ 
ഏതു സോഷ്യൽസൈറ്റ് 
സുഹൃത്തെ .........?

നഷ്‌ടമായ സായാഹ്നക്കൂട്ടായ്മകൾ 
രാത്രിമൈതാനച്ചർച്ചകൾ 
അതിനു 'പവർ' വേണ്ട 
കണ്‍കഴപ്പുവേണ്ട 
ചതിക്കുഴിയിൽ  പതിക്കേണ്ട 
പകരം 
ടേസ്റ്റ് ,ഹോബീസ് ,
കരിയർ ,താവഴിബന്ധം 
തേടിയലഞ്ഞാൽ 
കിട്ടുമോ  പഴയ 
സൗഹൃദക്കുളിർമ ?!

ഇന്ന്,
മരത്തണലില്ല
പുഴയോരമില്ല 
പുഴതന്നെയില്ല!
ചെമ്പരത്തിവേലിയില്ല 
പേൻകൊല്ലും ഉച്ചനേരവുമില്ല!
മാറിമറിഞ്ഞപതിവുകൾ 
മാറാത്തതെന്തെങ്കിലും ......?

അന്നറിഞ്ഞ കരുതലും 
സ്നേഹവും ഇനിയെന്നുകിട്ടാൻ ..........?